Kerala

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ, മലപ്പുറം അവഹേളനത്തിലും കത്തിക്കയറി പ്രതിപക്ഷം

തിരുവനന്തപുരം: ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിച്ച്‌ എൻ.ഷംസുദ്ദീൻ എം.എല്‍.എ.

മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ എഡിജിപിയോട് എന്തിനാണ് നിരന്തരം ആർഎസ്‌എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല. സന്ദർശനം മുഖ്യമന്ത്രിക്ക് വേണ്ടിയാകുമ്ബോള്‍ അതിന് അജിത് കുമാർ ദൂതനാകുമ്ബോള്‍ ചോദിക്കാൻ പ്രയാസമുണ്ടാകുമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്‌എസ് നേതാക്കളെ നിരന്തരംകണ്ട് എഡിജിപി മണിക്കൂറുകളോളം കണ്ട് ചർച്ച നടത്തി. ഇതുസംബന്ധിച്ച്‌ ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആർഎസ്‌എസ് ക്യാമ്ബില്‍ പോയാണ് ദത്താത്രേയ എന്ന നേതാവിനെ കണ്ടത്. മറ്റൊരു നേതാവ് റാംമാധവിനെ പത്തുദിവസത്തിനു ശേഷം കോവളത്തുപോയി കണ്ടു. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വൈറ്റ് ഗാർഡിന്റെ ഭക്ഷണശാല എഡിജിപി പൂട്ടിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു- ഷംസുദ്ദീൻ പറഞ്ഞു.

നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന എംഎല്‍എ പുറത്തുവന്ന് എന്തൊക്കെയാണ് പറയുന്നതെന്ന് പി.വി. അൻവറിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ എന്നായിരുന്നു പരിഹാസം. ദ ഹിന്ദു പത്രത്തില്‍ വന്ന മലപ്പുറത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തേയും ഷംസുദ്ദീൻ വിമർശിച്ചു. മലപ്പുറത്തെ പാവപ്പെട്ട ജനങ്ങളെ അവഹേളിക്കാൻ ആരുതന്നു ഈ വിവരം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്മേല്‍ ചർച്ച പുരോഗമിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മുഖ്യമന്ത്രിക്ക് സഭയില്‍ എത്താൻ കഴിയില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.