Kerala

സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണ്, കണ്ടകശനി കൊണ്ടേ പോകൂവെന്നും പത്മജ വേണുഗോപാൽ

കൊച്ചി: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണെന്നും കണ്ടകശനി കൊണ്ടേ പോകൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ കൊണ്ടു നടക്കാൻ മാത്രം അധഃപതിച്ചോ കോൺഗ്രസ്സും മുസ്ലിം ലീഗുമെന്നും അവർ ചോദിച്ചു.

മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചുകൊച്ചു പാർട്ടികൾ ഉണ്ടെന്നും അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കുമെന്നും പത്മജ കുറിച്ചു. 20-ാം തീയതി കഴിഞ്ഞാൽ സന്ദീപ് വാര്യരെ ഒന്നിലും അധികം കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തോടെ നിർത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പത്മജ വേണുഗോപാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

ഇത്ര മാത്രം അധഃപതിച്ചോ കോൺഗ്രസ്സും മുസ്ലിം ലീഗും? അല്ലെങ്കിൽ പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ പോലെയുള്ള ബിജെപിയുടെ ഒരു നേതാവ് പോലും അല്ലാത്ത ഒരാളെ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ചോദിച്ചു പോയതാണ്? കുറെ ആളുകൾക്ക് ഏഴര ശനി തുടങ്ങുന്ന കാലമാണത്രെ. എനിക്ക് ഉറപ്പാണ് സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണ്. കണ്ടകശനി കൊണ്ടേ പോകു എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഇപ്പോൾ കെപിസിസി പ്രസിഡന്റിന്റെ കൂടി ചുമതല വഹിക്കുന്ന വി ഡി സതീശൻ ഒരു കാര്യം പറഞ്ഞു ഞാൻ സന്ദീപ് വാര്യരെ നന്നായി ഉപയോഗിക്കും എന്ന്.

പക്ഷെ ഒരു കാര്യം മാത്രം പറഞ്ഞില്ല അതു കഴിഞ്ഞാൽ ചവറ്റു കോട്ടയിൽ ഉപേക്ഷിക്കും എന്ന്. എന്തായാലും ഇപ്പോൾ കോൺഗ്രസിലെ വീരന്മാരായ നേതാക്കൾക്ക് മിണ്ടാട്ടം ഇല്ല. ഷാഫി പറമ്പിളിനെ പോലെയുള്ളവർ പറഞ്ഞാൽ പോലും അനുസരിക്കേണ്ട ഗതികേട്. സീനിയർ നേതാക്കളോട് പുച്ഛം അല്ലെ? ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് പലനേതാക്കളുടെയും മുഖം കണ്ടപ്പോൾ തോന്നി. കഷ്ടം വാര്യരെ നിങ്ങളുടെ ഭാവി ആലോചിച്ചപ്പോൾ. വിഷമിക്കേണ്ട. എന്തായാലും കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പുറത്തേക്കു പോകേണ്ടി വരും. മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചു കൊച്ചു പാർട്ടികൾ ഉണ്ട്. അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കും. എന്തായാലും 20 താം തീയതി കഴിഞ്ഞാൽ താങ്കളെ ഒന്നിലും അധികം കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തോട് കൂടി നിർത്തുന്നു.

ഏറെ നാളായി ബിജെപിയുമായി ഇടഞ്ഞ് നിന്നിരുന്ന സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രതിപക്ഷ നോതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദീപ് വാര്യരെ സ്വീകരിക്കാന്‍ വേദിയില്‍ അണിനിരന്നിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ സന്ദീപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സന്ദീപ് പ്രതികരിച്ചിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment