Kerala

പാലക്കാട് അപകടം; കാരണമായത് കാര്‍ യാത്രികരുടെ അമിതവേഗതയെന്ന് പ്രാഥമിക കണ്ടെത്തല്‍

പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോങ്ങാട് സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്, മുഹമ്മദ് അഫ്സൽ, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. തെറ്റായ ദിശയിൽ എത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. സുഹൃത്തിനെ വീട്ടിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാത്രി ഒമ്പത് മണി വരെ ഇവരെ കോങ്ങാട് കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം അപകടത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ലോറി ഡ്രൈവര്‍ വിഘ്‌നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.