Politics

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ്. നാളെ കൊച്ചിയില്‍ ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.

കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം ചേരുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട. പാലക്കാടും ചേലക്കരയിലും മുതിര്‍ന്ന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നല്‍കിയേക്കും. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. വി ടി ബല്‍റാമും പി സരിനും പരിഗണനാ പട്ടികയിലുണ്ട്.

മൂന്ന് മണ്ഡലങ്ങളിലേയും ഓരോ നിയോജക മണ്ഡലങ്ങളിലും കാര്യങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ രണ്ട് വീതം കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ രണ്ട് മാസമായി മണ്ഡലങ്ങളില്‍ നടത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാളത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി സര്‍വേ നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല. റിപ്പോര്‍ട്ട് നിലവില്‍ കെപിസിസി അധ്യക്ഷന്റെ കൈവശമാണുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല. കെ സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് വിശദമായി പരിശോധിക്കും.