പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലേക്ക് പാർട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുൽ ഷുക്കൂറിന്റെ പിണക്കം ചർച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോൺഗ്രസിൽ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെയും നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചു ചേർത്തത്. കൺവെൻഷനിൽ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാർത്ഥ പ്രവർത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവർത്തകർ ആഞ്ഞടിച്ചു. ‘കോൺഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയിൽ തുടർച്ചയായ രണ്ട് തവണയാണ് സിപിഐഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങൾ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാർഷ്ട്യവും അടിച്ചേൽപ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.’; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറും ഇത്തരത്തിൽ പാർട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നുമായിരുന്നു അബ്ദുൾ ഷുക്കൂർ നേരത്തെ പ്രതികരിച്ചത്. ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടിത്താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ പറഞ്ഞിരുന്നു. ശേഷം പാർട്ടി നേതാക്കൾ തന്നെ ഷുക്കൂറിനെ കണ്ട് അനുനയിപ്പിക്കുകയിരുന്നു. തുർന്ന് പാർട്ടി വിടേണ്ടെന്ന തീരുമാനത്തിലെത്തിയ ഷുക്കൂർ ശേഷം എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരത്ത് സിപിഐഎം നേതാക്കളുടെ മണ്ണുമാഫിയ ബന്ധത്തിനെതിരെ പ്രതികരിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കിയെന്ന് പരാതിയുണ്ട്. തിരുവനന്തപുരം വാഴോട്ട് കോണം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം എസ് പ്രശാന്തിനെയാണ് പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗം എ ശശാങ്കൻ, രാജലാൽ എന്നിവർക്കെതിരെയാണ് എം എസ് പ്രശാന്ത് ആരോപണം ഉന്നയിച്ചത്. ഇവർ കൂടി പങ്കെടുത്ത യോഗത്തിലാണ് പ്രശാന്തുൾപ്പെടെ നാല് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനമുണ്ടായത്.
Add Comment