Politics

പ്രതികൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരും; സരിൻ

പാലക്കാട്: കള്ളപ്പണ വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളിലെ ട്രോളി ബാഗ് ആയുധമാക്കി രാഷ്ട്രീയ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ ഉദ്‌ഘാടനം ചെയ്തു.

‘ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം’ എന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതികൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സരിൻ പറഞ്ഞു. അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താൽ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും പറഞ്ഞ സരിൻ അടിക്കടി വേഷംമാറുന്നവരെയും, വേഷങ്ങൾ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും കൂട്ടിച്ചേർത്തു.

‘പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ തകൃതിയാണ്. നിയമവിരുദ്ധമായി നടത്തുന്ന ഇടപാടുകൾ ചർച്ച ചെയ്യുന്ന വിധം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരും. അതിനായി ഏതറ്റം വരെയും പോകും’; സരിൻ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന്റെ ക്യാമ്പിൽ നിന്ന് ബോധപൂർവം വിഷയങ്ങൾ വഴിതിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സരിൻ ആരോപിച്ചു. സിപിഐഎം- ബിജെപി ബന്ധം ആരോപിക്കാൻ പ്ലാറ്റ്ഫോമുണ്ടാക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. മറ്റൊരു വിഷയം ഉണ്ടാക്കി താൽക്കാലിക ലാഭമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമമെന്നും ഷാഫി പറമ്പിലിന്റെ മാസ്റ്റർ പ്ലാനാണോ ഇതെന്നത് പരിശോധിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.

About the author

KeralaNews Reporter

Add Comment

Click here to post a comment