പരിശീലന പ്രകടനത്തിനിടെ പാരച്യൂട്ടുകള്‍ പരസ്പരം കുരുങ്ങി നാവികസേന ഉദ്യോഗസ്ഥര്‍ കടലില്‍ പതിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ചില്‍ നടന്ന ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ പരിശീലനത്തിനിടയിലായിരുന്നു അപകടം.
ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി നാളെയാണ് നടക്കുക. ഇതിനു മുന്നോടിയായുള്ള പരിശീലനത്തിനിടയിലാണ് ഉദ്യോഗസ്ഥരുടെ പാരച്യൂട്ടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ് കടലില്‍ പതിച്ചത്. ദേശീയപതാകയുമായി കടലിലേക്ക് വീഴുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദ്യോഗസ്ഥര്‍ വീണ സമയത്ത് താഴെ നാവികസേനയുടെ ബോട്ട് ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
എന്‍ ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ രാജേഷ് പെന്‍ഡാര്‍ക്ക് ആണ് ആതിഥേയത്വം വഹിക്കുന്നത്. യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ എന്നിവ അണിനിരക്കുന്ന ആവേശകരമായ പ്രകടനത്തിനായിരിക്കും ചടങ്ങ് സാക്ഷ്യം വഹിക്കുക.
Add Comment