Kerala

പാറമേക്കാവ് അഗ്രശാല തീപിടുത്തം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശൂർ: പാറമേക്കാവ് അഗ്രശാല തീപിടുത്തവുമായി ബന്ധപ്പെട്ട്  ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പോലീസ് എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പൂരം വിവാദവുമായി തീ പിടുത്തത്തിന് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും ജി രാജേഷ് പറഞ്ഞു.

അഗ്രശാലയിലെ തീപിടുത്തത്തിൽ തെക്കു പടിഞ്ഞാറൻ മുറിയിലെ പാളകൾ, പ്ലേറ്റുകൾ, വടക്ക് പടിഞ്ഞാറൻ മുറിയിലെ വിളക്കുകൾ എന്നിവ കത്തി നശിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ  അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് ജി രാജേഷ് പറഞ്ഞു. ഫൊറൻസിക് സംഘം വീണ്ടുമെത്തി പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും എത്തിയിട്ടില്ല. പൂരം അട്ടിമറിയെ തുടർന്ന് ചർച്ചകൾ കത്തി നിൽക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടായതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷോർട്ട് സർക്യുട്ടിന് യാതൊരു സാധ്യതയും ഇല്ലെന്നും സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം. പൂരം വിവാദവുമായി തീ പിടുത്തത്തിന് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ജി രാജേഷ് കൂട്ടിച്ചേർത്തു.

ഭരണ സമിതിയോടോ പൂരത്തിനോടോ എതിർപ്പുള്ളവരെ സംശയിക്കുന്നു. സി സി ടി വിയിൽ എല്ലാം കാണണം എന്നില്ല. ആരെ വേണെമെങ്കിലും സംശയിക്കാമെന്നും ദേവസ്വം സെക്രട്ടറി പറയുന്നു. കഴിഞ്ഞ ആറാം തീയതിയാണ് പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയിൽ തീപിടുത്തമുണ്ടായത്. അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഭക്ഷണം വെക്കുന്ന പായ പോലുള്ള വസ്തുക്കളാണ് ചൂട് കാരണം തീപിടിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.