പത്തനംതിട്ട: പത്തനംതിട്ട സിപിഐഎമ്മില്‍ നേതൃമാറ്റത്തിന് സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയ കെ പി ഉദയഭാനു ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും. ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഡി ബൈജുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് നീക്കം. കെ പി ഉദയഭാനുവിന്റെ വിശ്വസ്തനാണ് ടി ഡി ബൈജു.
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കുകയാണ്. വൈകിട്ടോടെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുക. മത്സരം ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ കൂടുതല്‍ പേരുടെ പിന്തുണ ടി ഡി ബൈജുവിന് ലഭിച്ചേക്കുമെന്നാണ് വിവരം. ടി ഡി ബൈജു ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യതയാണ് ഉയര്‍ന്നു കാണുന്നത്.
അതേസമയം, സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാമിന്റെ പേരും പരിഗണനയിലുണ്ട്. അഞ്ച് വര്‍ഷം റാന്നി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച രാജു എബ്രഹാമിന് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാജു എബ്രഹാം ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുമെന്ന് അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.
ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് ചുവപ്പ് സേനാ മാര്‍ച്ചും ബഹുജന റാലിയും നടക്കും. ഇതിന് ശേഷം പൊതുസമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക.
Add Comment