India

അതിർത്തിയിൽ സമാധാനം; പിൻവാങ്ങൽ നടപടികൾ ആരംഭിച്ച് ഇന്ത്യയും ചൈനയും

ശ്രീനഗർ: നയതന്ത്ര കരാറിലൂടെ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങുന്ന നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയും ചൈനയും. ഇരു വിഭാഗത്തിന്റെയും സൈന്യം യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ടെന്റുകളും മറ്റ് താത്കാലിക നിർമ്മിതികളും നീക്കം ചെയ്യാൻ തുടങ്ങി. അധിക സൈന്യത്തെയും ഇരു രാജ്യങ്ങളും പിൻവലിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മുതലാണ് കരാർ പ്രകാരം പിൻവാങ്ങാനുള്ള നീക്കങ്ങൾ ഇരു വിഭാഗം സൈനികരും ആരംഭിച്ചത്. ഇരു സൈന്യങ്ങളും നിയന്ത്രണരേഖയ്ക്ക് സമീപം നിർമ്മിച്ചിരുന്ന ടെന്റുകൾ നീക്കം ചെയ്തു. മറ്റ് താത്കാലിക നിർമ്മിതികളും നീക്കം ചെയ്തു. അധികമായി വിന്യസിച്ച സൈനികരെയും പ്രദേശത്ത് നിന്നും സൈനിക വാഹനങ്ങളിൽ മാറ്റിയിട്ടുണ്ട്. ഇരു സൈന്യങ്ങളും 12 വീതം ടെന്റുകളും 12 താത്കാലിക നിർമ്മിതികളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.

ചാർഡിംഗ് നാലയിലേക്കാണ് ഇന്ത്യൻ സൈന്യം നീങ്ങുന്നത്. നാലയുടെ കിഴക്കൻ മേഖലയിൽ ആകും ഇനി ചൈനീസ് സൈന്യം നിലയുറപ്പിക്കുക. അധികമായി നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ചൈന ഇന്നലെ തന്നെ പ്രദേശത്ത് നിന്നും മാറ്റി. നിർമ്മിതികൾ പൂർണമായും പൊളിച്ച് നീക്കിയാൽ അടുത്ത ദിവസങ്ങളിലായി ദിസ്പഞ്ചിലും ദെചോകിലും പട്രോളിംഗ് ആരംഭിക്കും.

ഇക്കഴിഞ്ഞ 21നാണ് അതിർത്തിയിലെ സംഘർഷ സാഹചര്യം പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കാൻ ഇന്ത്യയും ചൈനയും ധാരണയിൽ എത്തിയത്. ഇതോടെ നാല് വർഷം നീണ്ട സംഘർഷമാണ് അവസാനിച്ചിരിക്കുന്നത്. 2020 മെയിൽ ആയിരുന്നു ഗാൽവൻവാലിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായി സംഘർഷാവസ്ഥ ഉടലെടുത്തത്. അന്ന് മുതൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുത്തുവരികയാണ് ഇന്ത്യ.

Tags