പാലക്കാട്: പാലക്കാട് ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എൻഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
വയനാട്ടിൽ പോളിങ് കുറഞ്ഞത് കോൺഗ്രസിനെതിരായ വികാരമാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട് വിജയിച്ച് പോയിട്ട് അവിടുത്തെ ജനങ്ങളെ വഞ്ചിച്ച് പോയ രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചത്. ഇത് തന്നെയാകും പാലക്കാടും നടക്കുകയെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഷാഫി പറമ്പിലിനെതിരായ വികാരം വോട്ടിലൂടെ പ്രതിഫലിക്കും. എൻഡിഎക്ക് അനുകൂലമായിട്ടുള്ള വിധിയെഴുത്തായിരിക്കും അതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകളിലായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടിങ് ശതമാനം ഉയരും. ഇ ശ്രീധരൻ കഴിഞ്ഞ തവണ പരാജയപ്പെട്ടത് ചെറിയ വോട്ടുകൾക്കാണ്. ആ പരാജയം മറികടക്കാൻ പാലക്കാട്ടുകാർ മനസുകൊണ്ട് ഉറപ്പിച്ചിട്ടുണ്ടെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും ചർച്ച ചെയ്തത് ജനകീയ വിഷയങ്ങളാണെന്നും അതാണ് പാലക്കാട്ടുക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഇതിനനുസരിച്ചായിരിക്കും വോട്ടിങ്ങെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
ഒന്നാം സ്ഥാനം ബിജെപി ഉറപ്പിച്ചു കഴിഞ്ഞുവെന്നും രണ്ടാം സ്ഥാനത്തിനായാണ് കോൺഗ്രസും സിപിഐഎമ്മും മത്സരിക്കുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ. അഞ്ചക്ക ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ഒരു വിഭാഗത്തെയും വോട്ട് ബാങ്കായി കാണുന്നില്ല. രണ്ട് മുന്നണികളും ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനായിട്ടാണ് ശ്രമിക്കുന്നത്. തങ്ങൾ എല്ലാ വിഭാഗത്തിന്റെയും വികസനമാണ് കാണുന്നത്. ന്യൂനപക്ഷ മേഖലകളിൽ പോലും എൻഡിഎ വലിയ മുന്നേറ്റം നടത്തുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Add Comment