കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏക പ്രതി അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി നൽകിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മാനസിക നിലയിൽ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ പരിശോധന റിപ്പോർട്ട് കഴിഞ്ഞ തവണ സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.
ജയിലിൽ അമീറുൽ ഇസ്ലാമിന്റെ പെരുമാറ്റത്തിലും പ്രശ്നങ്ങളില്ലെന്നാണ് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി അംഗീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
2016 ഏപ്രിൽ 28-നാണ് യുവതിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയിൽ പെരുമ്പാവൂരിലെ വീട്ടിൽ കണ്ടെത്തിയത്. അമീറുൽ ഇസ്ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
Add Comment