പാലക്കാട്: പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമാണെന്ന് ആരോപിച്ച സതീശൻ ന്യൂനപക്ഷ വർഗീയതയിൽ സിപിഐഎം നിലപാട് താത്പര്യത്തിനനുസരിച്ചാണെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ അധിക്ഷേപം സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണെന്നും ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണെന്നും സതീശൻ വിമർശിച്ചു. ന്യൂനപക്ഷ വർഗീയതയിൽ സിപിഐഎം നിലപാട് അപ്പോഴത്തെ താത്പര്യത്തിനനുസരിച്ചാണ്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമാകുമെന്നും സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്കും സർക്കാരിനും ധൈര്യമുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
സംസ്ഥാനം കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും വി ഡി സതീശൻ തുറന്നടിച്ചു. എല്ലാ പെൻഷനും കുടിശ്ശികയായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലുമാണ്. പാവപ്പെട്ടവർക്ക് ആരോഗ്യ രംഗത്ത് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ആരോഗ്യ രംഗവും ഉന്നത വിദ്യാഭ്യാസ രംഗവും പൂർണമായും താറുമാറായെന്നും മുനമ്പം വിഷയത്തിലടക്കം തീരുമാനം വൈകിപ്പിക്കാൻ സർക്കാർ സംഘപരിവാറുമായി ഒത്തുകളിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും രംഗത്തെത്തിയിരുന്നു. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം. തങ്ങൾക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുർബലതയായി കണ്ട് മെക്കിട്ട് കേറാൻ വന്നാൽ ട്രൗസർ ഊരുമെന്നും ലീഗ് നേതാവ് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് രൂക്ഷ വിമർശനം. ‘ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരുന്ന പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. സമയം വരുമ്പോൾ കാണാം’, കെ എം ഷാജി പറഞ്ഞു.
Add Comment