കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്. ജി സുധാകരന്‍ സത്യസന്ധനായ നേതാവാണ്. ബിജെപിക്കൊപ്പം ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സുധാകരനെ പോലെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമല്ല കോണ്‍ഗ്രസ്. സിപിഐഎമ്മിലേയും കോണ്‍ഗ്രസിലെയും നല്ല നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മും കോണ്‍ഗ്രസും കാര്‍ബണ്‍ കോപ്പികളാണ്. മാധ്യമങ്ങള്‍ ശത്രുക്കളല്ല, മാധ്യമങ്ങള്‍ സത്യസന്ധത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്മൂലന രാഷ്ട്രീയമാണ് സിപിഐഎമ്മിന്റെ അടിത്തറയിളക്കിയത്. സിപിഐഎം ആഗ്രഹിച്ചത് പോലെ കണ്ണൂര്‍ രാഷ്ട്രീയമല്ല കരുനാഗപള്ളി രാഷ്ട്രീയമാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സിപിഐഎമ്മിന് രാഷ്ട്രീയ പാപ്പരത്വമുണ്ട്. ജയകൃഷ്ണന്റെ മരണശേഷം സിപിഐഎം നേരിട്ടത് വന്‍ തകര്‍ച്ചയാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂടിക്കാഴ്ച പിണറായി മനപ്പൂര്‍വം മുടിവെക്കാന്‍ ശ്രമിക്കുകയാണ്. പിണറായിക്ക് മറവിരോഗം ഇല്ലെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
അതൃപ്തര്‍ക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക്ഷണിച്ചത്. ജി സുധാകരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങള്‍ വാസ്തവമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മിനെ മണല്‍ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന്റെ ആരോപണവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും വ്യാപകമായി ആളുകളെ ഡിവൈഎഫ്ഐയിലേക്കും സിപിഐഎമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പലഘട്ടങ്ങളില്‍ ജി സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പ്രതികരണം. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു.
Add Comment