Kerala

അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അതേസമയം, അമ്മുവിന്റെത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലാണ് പൊലീസ്. ‘ഐ ക്വിറ്റ്’ എന്ന് അമ്മു ഒരു പുസ്തകത്തില്‍ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ ആ കുറിപ്പ് അമ്മു എഴുതിയതാകില്ലെന്നാണ് കുടുംബം പറയുന്നത്. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു.