Kerala

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പൊലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു.

ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കുകയാണ് കോടതി. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷം നല്‍കിയ നിര്‍മാണ കരാറുകളില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ കിട്ടിയത് ഒരൊറ്റ കമ്പനിക്കാണ്. മൂന്നു വര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എംഡി പി പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.