സമീപകാലത്തെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ താരങ്ങൾ. ഇതിന്റെ ഭാഗമായി രോഹിത് ശർമ ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ്. മുംബൈ ടീമിനൊപ്പം പരിശീലനം തുടരുന്ന രോഹിത് പക്ഷേ രഞ്ജി ട്രോഫിയിൽ കളിക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ജനുവരി 23ന് ജമ്മു കാശ്മീരിനെതിരെയാണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരം.
അതിനിടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശുഭ്മൻ ഗിൽ രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുകയാണ്. ജനുവരി 23ന് കർണാടകയ്ക്കെതിരായ മത്സരത്തിൽ പഞ്ചാബ് നിരയിൽ ഗില്ലും കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിരാട് കോഹ്ലിയുടെ കാര്യത്തിലാണ് ഇനിയും ആശങ്ക നിലനിൽക്കുന്നത്. സമീപകാലത്തെ മോശം പ്രകടനം മറികടക്കാൻ കോഹ്ലി രഞ്ജി കളിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ഇന്ത്യൻ തോൽവിക്ക് പിന്നാലെ നടന്ന ബിസിസിഐ യോഗത്തിൽ വിരാട് കോഹ്ലിയുടെ മോശം പ്രകടനം ചർച്ചയായിരുന്നു. എന്നാൽ ചാംപ്യൻസ് ട്രോഫി വരെ ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരം വിരാട് കോഹ്ലിക്ക് നൽകിയിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാനാണ് വിരാട് കോഹ്ലി ആഗ്രഹിക്കുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Add Comment