Kerala

പടലപ്പിണക്കങ്ങള്‍ക്കിടയിൽ ‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍

കോഴിക്കോട്: പടലപ്പിണക്കങ്ങള്‍ ശക്തമായതോടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് ബിജെപി എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയില്‍ കുറുവാ സംഘമുണ്ടെന്നാണ് ആരോപണം. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

അതേസമയം ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി ചർച്ചയായേക്കും. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ആലോചിക്കാനാണ് യോഗമെങ്കിലും തോൽവിയെ കുറിച്ച് നേതാക്കൾ വിമർശനം ഉന്നയിച്ചേക്കും. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ വിശദീകരണം നൽകും. കെ സുരേന്ദ്രൻ രാജി വെക്കുമെന്ന വാർത്തകൾ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാൽ രാജി വെക്കുമെന്നുമാണ് കെ സുരേന്ദ്രന്റെ വിശദീകരണം. തോൽവിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. വീണ്ടും അധ്യക്ഷനാകാൻ ഇല്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിരുന്നു.

വിചാരിച്ചതിലും വലിയ തിരിച്ചടിയാണ് പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമാകുമ്പോള്‍ വോട്ട് കണക്കുകളുടെ വിശദപരിശോധനയിലാണ് മുന്നണികള്‍. പ്രത്യേകിച്ച് നൂറില്‍ താഴെ വോട്ടു ലഭിച്ച ബൂത്തുകളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. എന്‍ഡിഎയ്ക്ക് 33 ബൂത്തുകളിലാണ് 100ല്‍ താഴെ വോട്ട് കിട്ടിയത്. അതില്‍ തന്നെ നാല് ബൂത്തുകളില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മൂന്ന് വോട്ട് മാത്രം ലഭിച്ച ബൂത്തുമുണ്ട്.

പാലക്കാട് നഗരസഭാപരിധിയില്‍ എന്‍ഡിഎയ്ക്ക് 13 ബൂത്തുകളില്‍ നൂറില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. അതില്‍ നാലെണ്ണത്തിലാണ് പത്തില്‍ത്താഴെ വോട്ട് ലഭിച്ചത്. ബൂത്ത് 35ല്‍ ഒമ്പത് വോട്ടാണ് ലഭിച്ചത്. 2021ല്‍ ഇവിടെ 13 വോട്ട് ലഭിച്ചിരുന്നു. ബൂത്ത് 102, 102എ ബൂത്തുകളിലായി എട്ട് വോട്ടുകളാണ് ലഭിച്ചത്. 2021ല്‍ ഇവിടെ 11 വോട്ട് ലഭിച്ചിരുന്നു. 103ാം നമ്പര്‍ ബൂത്തിലാണ് മൂന്ന് വോട്ട് ലഭിച്ചത്.

About the author

KeralaNews Reporter

Add Comment

Click here to post a comment