Kerala

കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

കോഴിക്കോട്: നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.

അതേസമയം, പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ നിന്നും ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.

അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുമ്പോഴും പാർട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തതോടെ പാർട്ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവിൽ അച്ചടക്കനടപടികൾ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും അറിയിച്ചതിനു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

About the author

KeralaNews Reporter

Add Comment

Click here to post a comment