Kerala

എഡിഎമ്മിനെതിരെ നിരവധി പരാതികൾ, ക്ഷണിച്ചിട്ടാണ് യോഗത്തിൽ പോയതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മുൻകൂർ ജാമ്യഹരജി നല്‍കി.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് ദിവ്യയുടെ ഹരജിയില്‍ പറയുന്നുണ്ട്. യോഗത്തില്‍ സംസാരിക്കാനും ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് തന്നെ സംസാരിക്കാൻ ക്ഷണിച്ചത്. അതനുസരിച്ചാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു. സംസാരത്തിനിടെ നടത്തിയത് സദുദ്ദേശപരമായ പരാമർശങ്ങളായിരുന്നു. എ.ഡി.എമ്മിനെതിരെ നേരത്തേയും പരാതികള്‍ ഉയർന്നിരുന്നുവെന്നും ദിവ്യ മുൻകൂർ ജാമ്യഹരജിയില്‍ ആരോപിച്ചു.

ഫയലുകള്‍ വെച്ച്‌ താമസിക്കുന്ന രീതിയും എ.ഡി.എമ്മിനുണ്ടെന്നും പരാതിയുണ്ടായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ യോഗത്തില്‍ സൂചിപ്പിച്ചത്. എ.ഡി.എമ്മിനെ വേദനിപ്പിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ല. മൂന്നുമണിക്കാണ് യാത്രയയപ്പ് പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടിയുള്ളതിനാല്‍ ആ സമയത്ത് എത്താൻ കഴിഞ്ഞില്ല. തുടർന്ന് കലക്ടറെ വിളിച്ച്‌ പരിപാടി കഴിഞ്ഞോ എന്ന് ചോദിച്ചു. അതിനു ശേഷമാണ് എത്തിയതെന്നും ദിവ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടി. വിവാദത്തിന് ശേഷം ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നീക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

എ.ഡി.എമ്മിനെക്കുറിച്ച്‌ എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമർശനം ഉന്നയിച്ചു.

സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്ബ് പെട്രോള്‍ പമ്ബിന് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നീക്കിയിരുന്നു.