കണ്ണൂർ: റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ.
ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേൾക്കുക. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേർന്നേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിലും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേർന്നിരുന്നു.
മുൻകൂർ ജാമ്യ ഹർജിയിൽ നടന്ന വാദത്തിൽ പ്രതിഭാഗത്തിനെതിരെ ശക്തമായ വാദമാണ് വാദി ഭാഗം അഭിഭാഷകൻ നടത്തിയത്. തുടർന്നാണ് ഇന്നലെ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻ്റ് ചെയ്യുകയും ചെയ്തത്. പി പി ദിവ്യക്ക് രാഷ്ട്രീയസ്വാധീനം ഉള്ളതിനാൽ തെളിവുകൾ നശിപ്പിക്കുമെന്ന് വാദിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
മഞ്ജുഷ പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ കക്ഷി ചേരുന്നതോടെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ശക്തമായ വാദമായിരിക്കും കോടതിയിൽ നടക്കുക. പൊളിറ്റിക്കൽ ബാറ്റിൽ അല്ല ലീഗൽ ബാറ്റിലാണ് തങ്ങൾ നടത്തുന്നതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും വ്യക്തമാക്കിയിരുന്നു.
അതേസമയം, പിപി ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ് ഐ ടി ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും അപേക്ഷ നല്‍കും. രണ്ട് ദിവസത്തേക്ക് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അറസ്റ്റിന് പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.
Add Comment