കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യ പ്രതിരോധത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കണ്ണൂര്‍ എസിപി കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങി.
പത്ത് മിനിറ്റിലധികം കൂടിക്കാഴ്ച്ച നീണ്ടു. എസിപി രത്നകുമാറാണ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ പി പി ദിവ്യ കോടതിക്ക് മുന്നില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. പി പി ദിവ്യ കണ്ണൂര്‍ വിട്ടുപോയിട്ടില്ലെന്നാണ് വിവരം.
പിപി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിലക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അറസ്റ്റ് ചെയ്യണം. നിയമപരമായാണ് മുന്നോട്ട് പോയത്. രാഷ്ട്രീയമായല്ല. ഭയമില്ലെന്നുമാണ് സഹോദരന് പ്രതികരിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.
Add Comment