അമേരിക്കയില്‍ എഐയുടെ പുതുയുഗത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ പ്രൊജക്ടിന് സ്റ്റാര്‍ ഗേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ടെക് ഭീമന്മാരായ ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐയുടെ സ്ഥാപകന്‍ സാം ആള്ട്ട്മാന്, ഒറാക്കിള്‍ ചെയര്മാന് ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
‘ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ആയിരിക്കുമെന്നും കുറഞ്ഞത് 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10000 കോടി ഡോളറായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ പദ്ധതി അമേരിക്കയില്‍ 100,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അടുത്ത തലമുറ എഐയെ ശക്തിപ്പെടുത്തുന്നതിനായി ഭൗതിക സൗകര്യങ്ങളും വെര്‍ച്വല്‍ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാര്‍ഗേറ്റ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ഗേറ്റിന്റെ ആദ്യത്തെ ഒരു ദശലക്ഷം ചതുരശ്ര അടി ഡാറ്റാ സെന്റര്‍ ടെക്സാസില്‍ ഇതിനകം നിര്‍മ്മാണത്തിലിരിക്കുകയാണെന്ന് ഒറാക്കിള്‍ ചെയര്മാന് ലാറി എലിസണ്‍ പറഞ്ഞു. പ്രൊജക്റ്റിനു വേണ്ടി കുറഞ്ഞത് 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10000 കോടി ഡോളറായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
അതേസമയം ട്രംപിന്റെ അടുത്ത അനുയായിയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്കിനെ പ്രൊജക്റ്റില്‍ നിന്നും ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഇലോണ്‍ മസ്ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പദ്ധതി സംബന്ധിച്ച് സംശയം ഉന്നയിച്ചു. പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താന്‍ കഴിയുമോ എന്ന സംശയമാണ് മസ്ക് ഉന്നയിച്ചത്. ‘അവരുടെ പക്കല്‍ യഥാര്‍ത്ഥത്തില്‍ പണമില്ല (500 ബില്യണ്‍ ഡോളര്‍).’- ഇലോണ്‍ മക്സ് എക്സില്‍ കുറിച്ചു.
Add Comment