Lifestyle

പായസക്കച്ചവടവുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് …? ഇതെന്ത് മറിമായം!

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് പായസക്കച്ചവടം നടത്തുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കുറച്ച് പ്രയാസം തോന്നും അല്ലേ? എന്നാല്‍ ഈ ഫോട്ടോയിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ….അദ്ദേഹമല്ലേ ഇദ്ദേഹം…

ഇത് പാകിസ്താനിലെ സഹിവാളിലുള്ള 53കാരനായ സലിംബഗ്ഗ. ഡൊണാള്‍ഡ് ട്രംപുമായുള്ള രൂപസാദൃശ്യമാണ് ഇയാളെ വ്യത്യസ്തനാക്കുന്നത്. സലിംബഗ്ഗയെ ഒരു തവണ കണ്ടാല്‍ ആളുകള്‍ രണ്ടാമതും ഒന്ന് നോക്കും. ഇതാര് ട്രംപാണോ എന്ന്. സലിം ബഗ്ഗയുടെ ജോലിയാണ് കൂടുതല്‍ രസകരം. ഇദ്ദേഹം ഒരു ഭക്ഷണവില്‍പ്പനക്കാരനാണ്. അതും പാട്ടുംപാടി കച്ചവടം നടത്തുന്ന വ്യത്യസ്തനായ ഒരു കച്ചവടക്കാരന്‍. പാകിസ്താന്റെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയായ സഹിവാളിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ എല്ലാദിവസവും സലിം തന്റെ പായസക്കട തുറക്കും.

അതിമനോഹരമായി പാടുന്ന സലിംബഗ്ഗയ്ക്ക് ഇവിടെ ധാരാളം ആരാധകരുണ്ട്. തടികൊണ്ടുള്ള വണ്ടിയിലാണ് ബഗ്ഗ പായസം കൊണ്ടുനടന്ന് വില്‍ക്കുന്നത്. പഞ്ചാബി മെലഡി ഗാനങ്ങളാണ് ബഗ്ഗയുടെ ഫേവറേറ്റ്.

ഡൊണാള്‍ഡ് ട്രംപിന്റെ രൂപവും ശ്രുതി മധുരമായ അദ്ദേഹത്തിന്റെ പാട്ടും നാള്‍ക്കുനാള്‍ ബഗ്ഗയുടെ പ്രശസ്തി വര്‍ധിപ്പിക്കുകയാണ്. നിരവധി ആളുകളാണ് ബഗ്ഗയോടൊപ്പം സെല്‍ഫി എടുക്കാനായി തിരക്കുകൂട്ടുന്നത്. ഇക്കാര്യത്തില്‍ ബഗ്ഗയുടെ പ്രതികരണം ഇങ്ങനെയാണ്. ‘ എനിക്ക് വളരെ സന്തോഷം തോന്നുന്നു. പാകിസ്താനിലേക്ക് വരാന്‍ പ്രസിഡന്റ് ട്രംപ് സാഹിബിനെ ഞാന്‍ ക്ഷണിക്കുകയാണ്. ഇവിടെ വരികയും എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയും വേണം’.

ഇന്റര്‍നെറ്റില്‍ വൈറലായ ട്രംപിന്റെ ഈ അപരനെക്കുറിച്ച് നിരവധി ആളുകളാണ് ചര്‍ച്ച ചെയ്യുന്നത്. സലിം ബഗ്ഗയുടെ പായസത്തിന്റെ രുചിയെ കുറിച്ചും ഡൂപ്ലിക്കേറ്റ് ട്രംപിനൊപ്പം സെല്‍ഫിയെടുത്ത വിശേഷങ്ങളുമടക്കമാണ് ആളുകള്‍ പങ്കുവെക്കുന്നത്.