Politics

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; കേരളത്തിൽ നിന്ന് ഒരു വോട്ട് എൻഡിഎയ്ക്ക് ലഭിച്ചെന്ന് പി വി അൻവർ

മലപ്പുറം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ഒരു വോട്ട് കിട്ടിയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഈ വോട്ട് ഒരു അബദ്ധമായി കാണാനാവില്ലെന്നും അൻവർ പറയുന്നു. തെളിവ് സഹിതമാണ് പിവി അൻവർ ആരോപണം ഉന്നയിചിരിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപിക്ക് നൽകിയ ആ വോട്ടെന്നും അൻവർ ആരോപിച്ചു. പൊളിറ്റിക്കൽ നെക്‌സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘2022-ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 എം.എൽ.എ.മാരും വോട്ട് ചെയ്തിരുന്നു. കക്ഷിരാഷ്ട്രീയം അനുസരിച്ച് ഈ 140 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ. യശ്വന്ത് സിൻഹക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ എൻ.ഡി.എ.യുടെ സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി ദ്രൗപദി മുർമുവിന് അപ്രതീക്ഷിതമായി കേരളത്തിൽ നിന്നും 1 വോട്ട് കിട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എൻ.ഡി.എ.ക്ക് വോട്ട് വേണം എന്ന സംഘപരിവാർ നിർബന്ധം നടന്നു. കേരളത്തിൽ നിന്നു മാത്രമാണ് സംഘപരിവാറിന് വോട്ട് കിട്ടാൻ സാധ്യതയില്ലാതിരുന്നത്. ഈ വോട്ട് ഒരു അബദ്ധമായി കണ്ടുകൂട. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബി.ജെ.പി.ക്ക് നൽകിയ ആ വോട്ട്. പൊളിറ്റിക്കൽ നെക്‌സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്’ എന്നാണ് അൻവർ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഇതിലൂടെ സർക്കാരിനെതിരായ ആരോപണങ്ങൾ കടുപ്പിക്കുകയാണ് പി വി അൻവർ. പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയിലെത്തിയെന്ന ആരോപണവും പി വി അൻവർ നേരത്തേ ഉയർത്തിയിരുന്നു. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയിൽ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് ഇവർ തമ്മിലുള്ള ധാരണ. ഈ ധാരണകൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് എഡിജിപി എംആർ അജിത്കുമാർ ആണെന്നും പി വി അൻവർ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് അജിത്കുമാറിനെ പാർട്ടി തള്ളിപ്പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.