Kerala

മുനമ്പം സമരം; ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ രംഗത്ത്. സമരം ചെയ്യുന്നവരെ ഒറ്റക്കാക്കില്ലെന്നും ഏതറ്റം വരെ പോകേണ്ടി വന്നാലും സമരത്തിൽ ഒപ്പമുണ്ടാകുമെന്നും സമരക്കാരെ സന്ദർശിച്ച മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സമരപ്പന്തലിൽ എത്തിയായിരുന്നു മാർ റഫോൽ തട്ടിലിൻ്റെ ഐക്യദാർഢ്യ പ്രഖ്യാപനം.

സത്യാഗ്രഹമെന്ന സമരമുറ ഉപയോഗിക്കുമെന്നും അവസാനത്തെയാളും മരിച്ച് വീഴും വരെ പോരാടുമെന്നാണ് സമരപന്തൽ സന്ദർശിച്ച് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിച്ചത്. ‘മുനമ്പത്തെ വിഷയം രാഷ്ട്രീയപാർട്ടികൾക്ക് പ്രശ്നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. ഓർക്കേണ്ട കാര്യങ്ങൾ ഓർമ്മിച്ച് കണക്കു ചോദിക്കാൻ ജനങ്ങൾക്ക് വിവേകമുണ്ടാകണം. എല്ലാത്തവണയും വോട്ടു ചെയ്തവർക്ക് വോട്ടു ചെയ്യണമെന്ന് ഇത്തവണ ബാലറ്റ് പേപ്പർ കയ്യിൽകിട്ടുമ്പോൾ നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാനും അറിയാമെന്ന് നിങ്ങൾ തെളിയിക്കണ’മെന്നായിരുന്നു സമരപന്തലിൽ മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടത്.

ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രശ്നം പരിഹരിക്കണമെന്നും ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ടെന്നുമായിരുന്നു വിഷയത്തിൽ മേജർ ആർച്ച് ബിഷപ്പ് റഫേൽ തട്ടിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സഭയെന്നതിനേക്കാൾ ഇത് മനുഷ്യരുടെ പ്രശ്നമാണ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണമെന്നും സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.