Kerala

ഇ പി ജയരാജന്റെ ആത്മകഥ ചോർത്തിയതിൽ കേസെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ ചോർത്തിയതിൽ കേസെടുക്കാൻ നിർദ്ദേശം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം എസ്പിക്ക് നിർദ്ദേശം നൽകിയത്. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാനാണ് നിർദ്ദേശം. ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സിൽ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തിരുന്നു.

‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ പേരിൽ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളത്.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ ആത്മകഥയിൽ പറയുന്നതായി പുറത്ത് വന്ന പിഡിഎഫിൽ കാണാം. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.

എന്നാൽ തന്‌റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു. പുറത്ത് വരുന്നത് വ്യാജ വാർത്തകളാണെന്നും കവർ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.