Kerala

അൻവറിന് ഗസ്റ്റ് ഹൗസിൽ വിലക്ക്, മരുമകൻ വടിയെടുക്കുന്നെന്ന്

എറണാകുളം പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ പി.വി.അൻവർ എംഎല്‍എയ്ക്ക് യോഗം ചേരുന്നതിനായി ഹാള്‍ അനുവദിച്ചില്ലെന്ന് പരാതി.

ഇതേത്തുടർന്ന് പി.വി.അൻവറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്ബോള്‍ മരുമകൻ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാൻ കഴിയല്ല’ അൻവർ പറഞ്ഞു.

ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 ആളുകള്‍ക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അൻവർ പറഞ്ഞു.

‘മെയിലിലൂടെ ബുക്ക് ചെയ്തപ്പോള്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി.എഞ്ചിനിയർ അറിയിച്ചത്. രാഷ്ട്രീയ യോഗമല്ലെന്നും സാമൂഹിക പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്‍കി. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. തുടർന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസി.എഞ്ചിനിയർ ഫോണ്‍ കട്ട് ചെയ്തു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുമതി നല്‍കേണ്ടെന്ന നിർദേശമുണ്ടെന്നും അറിയിച്ചു’ അൻവർ പറഞ്ഞു.

മുഖ്യമന്ത്രി വാളെടുക്കുമ്ബോള്‍ മരുമകൻ വടിയെടുത്തിറങ്ങിയിരിക്കുകയാണ്. മരുമകന്റെ വകുപ്പാണ് പിഡബ്ല്യുഡി. റസ്റ്റ്ഹൗസിന്റെ മുറ്റത്ത് യോഗം ചേരാൻ പോകുകയാണ്. പോലീസിനെ വിട്ട് തടയാമെന്ന് പിണറായി വിജയനും മരുമകനും വിചാരിക്കേണ്ടെന്നും അൻവർ പറഞ്ഞു.