Politics

യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാൻ പി വി അൻവറിൻ്റെ നീക്കം

മലപ്പുറം: യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാൻ പി വി അൻവറിൻ്റെ നീക്കം. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി പി വി അൻവ‍ർ ചർച്ച നടത്തി. സംഘടന ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ് ലക്ഷ്യം. ഒരു യുവ സിപിഐഎം എംഎൽഎയുമായും അൻവർ‌ സംസാരിച്ചിട്ടുണ്ട്. എൽഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിർന്ന ബിജെപി നേതാവുമായും അൻവർ ചർച്ച നടത്തി. കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള നീക്കമാണ് അൻവർ നടത്തുന്നത്.

യുഡിഎഫ് പ്രവേശനത്തിൻ്റെ കളമൊരുങ്ങലാവും വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവ‍ർ നടത്തുന്ന ജനകീയ യാത്രയെന്നാണ് സൂചന. ഇതിൻ്റെ ഭാ​ഗമായാണ് അൻവറിൻ്റെ യാത്രയിൽ കോൺ​ഗ്രസ് ഭാരവാഹികൾ പങ്കെടുക്കുന്നതെന്നാണ് വിവരം. നേതൃത്വത്തിൻ്റെ തീരുമാന പ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന. മാനന്തവാടിയിൽ നിന്നും വഴിക്കടവ് വരെയാണ് വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ.

ജനകീയ യാത്രയുടെ ഭാഗമായ സമ്മേളനങ്ങളിൽ സുൽത്താൻ ബത്തേരിയിൽ മുൻ ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ സി ബാലകൃഷ്ണൻ, തിരുവമ്പാടിയിൽ കോഴിക്കോട് ഡിസിസി പ്രസി‍ഡൻ്റ് പ്രവീൺ കുമാർ എന്നിവ‍ർ പങ്കെടുക്കും. ചാത്തല്ലൂരിൽ പങ്കെടുക്കുന്നത് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടമാണ്. പ്രാദേശിക യുഡിഎഫ് നേതാക്കളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

About the author

KeralaNews Reporter

Add Comment

Click here to post a comment