Pravasam Qatar

ഖത്തർ ദേശീയ ദിന പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി

ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു. ദേശീയ ദിന സംഘാടക സമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. പരേഡ് റദ്ദാക്കിയതിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

പരേഡിനുള്ള ഒരുക്കങ്ങൾ കോർണിഷിൽ പുരോഗമിച്ചുവരികയായിരുന്നു അപ്പോഴാണ് പരേഡ് റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഖത്തർ ദേശീയദിനാഘോഷങ്ങളുടെ വളരെയധികം ശ്രദ്ധേയമായ പരിപാടിയാണ് കോർണീഷിൽ നടന്നുവരാറുള്ള പരേഡ്. ഖത്തറിൻ്റെ സൈനിക ശക്തിയും സാംസ്കാരിര പാരമ്പര്യവും വിളിച്ചോതുന്ന പരിപാടി കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളാണ് എത്താറുള്ളത്. ഖത്തർ അമീർ നേരിട്ടെത്തി അഭിവാദ്യങ്ങൾ നേരാറുണ്ടായിരുന്നു.

എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. അതേസമയം ഉംസലാലിലെ ദർബ് അൽ സായിയിൽ ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടികൾ നടക്കും.