Politics Kerala

പാലക്കാടൻ മണ്ണിൽ താരമായി രാഹുൽ, ലഭിച്ചത് ഉജ്വല വരവേൽപ്പ്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കി പ്രവർത്തകർ.

തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പില്‍ നഗരത്തില്‍ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയില്‍ മുതിർന്ന നേതാക്കള്‍ക്കൊപ്പം മുൻ പാലക്കാട് എംഎല്‍എയും വടകര എംപിയുമായ ഷാഫി പറമ്ബിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്.

പി. സരിൻ ഉയർത്തിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല എന്ന് തെളിയിക്കുന്ന നിലയിലുള്ള പ്രവർത്തക പങ്കാളിത്തമാണ് പ്രചരണത്തിന്റെ ആദ്യദിവസം തന്നെ പാലക്കാട് ദൃശ്യമായത്. ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയില്‍ നിന്നും കിട്ടുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു.

പാലക്കാടെ വോട്ടർമാർക്കിടയില്‍ താൻ എത്രമാത്രം ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്ന് ഷാഫി പറമ്ബില്‍ തെളിയിച്ച ദിവസം കൂടിയാണ് ഇന്ന്. ഇന്ന് നടന്നത് ഷാഫിയുടെ ഷോ ഓഫ് ആണ്. ഷാഫിയുടെ നിർബന്ധ ബുദ്ധിയാണ് രാഹുലിന് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് എന്ന് സരിൻ തെളിച്ചും, നിരവധി നേതാക്കള്‍ ഒളിച്ചും വിളിച്ചു പറഞ്ഞപ്പോള്‍ നിർബന്ധ ബുദ്ധി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ വിജയസാധ്യതയ്ക്ക് വേണ്ടിയുള്ള നിർബന്ധ ബുദ്ധിയാണ് എന്ന് തെളിയിച്ചു കൊടുക്കുന്നതിനുള്ള ഷാഫിയുടെ വഴിയായി ഈ ശക്തി പ്രകടനം മാറി എന്ന് പറയാതെ വയ്യ.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്ബിലും പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങളിലാണ് വിശ്വാസം. വടകരക്കാർ അവരുടെ ഇഷ്ടം കൊണ്ടാണ് തന്നെ തെരെഞ്ഞെടുത്തത്. അവരുമായി ഇടപഴകാനും സംസാരിക്കാനും ഇടനിലക്കാരെ ആവശ്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കരുതെന്നും ഷാഫി പറമ്ബില്‍ പ്രതികരിച്ചു.