Kerala

രാഹുലിൻ്റെ വിജയം സുനിശ്ചിതം: വി.എസ് വിജയരാഘവൻ

പാലക്കാട്: കെ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന ചിന്ത തിരഞ്ഞെടുപ്പിന് മുമ്ബ് ജില്ലയിലെ നേതാക്കള്‍ക്ക് ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എസ് വിജയരാഘവന്‍.

എന്നാല്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാല്‍ അതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നും വി എസ് വിജയരാഘവന്‍ പറഞ്ഞു.

‘ജില്ലയിലെ കോണ്‍ഗ്രസിനകത്ത് ഒരു അപശബ്ദങ്ങളുമില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്ബ് പല നിവേദനങ്ങളും കത്തുകളും വരും. മുമ്ബും ഇത്തരം സാഹചര്യങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുണ്ട്. അന്ന് പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുണ്ട്. ഇത്തവണ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും’, വി എസ് വിജയരാഘവന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ഡോ. പി സരിന്‍ തന്നെ കാണാന്‍ വന്നിരുന്നു. ഇ ശ്രീധരന്‍ നേടിയ വോട്ടുകള്‍ പോലും നേടാന്‍ കഴിയും എന്നും പേര് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും വി എസ് വിജയരാഘവന്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്ന് നിര്‍ദേശിച്ച്‌ ഡിസിസി നേതൃത്വത്തിന് അയച്ച കത്താണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്ബോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പറയുന്നു.