റിയാദ്: സൗദി അറേബ്യയിൽ വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകൾ തുടരുന്നു. മുന്‍ ആഴ്ചകളെക്കാള്‍ വലിയ തോതിലുള്ള വര്‍ധനവാണ് കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ ഡിസംബര്‍ 19നും 25നും ഇടയിലുള്ള ദിവസങ്ങളില്‍ മാത്രം 23,194 നിയമവിരുദ്ധ താമസക്കാരാണ് അറസ്റ്റിലായത്. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ പിടിയിലായത്. ഇതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചയിൽ 20,159 പ്രവാസികളായിരുന്നു അറസ്റ്റിലായത്.
അതിനിടെ നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 9,904 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
Add Comment