ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാജമൗലി – മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ‘SSMB29’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. 2025 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധായകനും സംഘവും സിനിമയ്ക്കാവശ്യമായ ലൊക്കേഷനുകൾക്കായുള്ള അന്വേഷണത്തിലാണെന്നാണ് സൂചന.
സിനിമയുടെ ബജറ്റ് ആയിരം കോടിയാണെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ആണിത്. രാജമൗലി ചിത്രങ്ങൾ വലിയ ബജറ്റിൽ ഒരുങ്ങുന്നതും വമ്പൻ ലാഭം കൊയ്യുന്നതും പതിവ് കാഴ്ചയാണ്. ഇതേ വിശ്വാസമാണ് പുതിയ ചിത്രത്തിന് ഇത്രയും വലിയ തുക ചെലവാക്കാൻ നിർമ്മാതാക്കളായ പ്രേരിപ്പിക്കുന്നത് എന്നാണ് വിവരം. ശ്രീ ദുര്‍ഗ ആര്‍ട്ട്സിന്‍റെ ബാനറില്‍ കെ.എല്‍ നാരായണ ആണ് ചിത്രം നിർമിക്കുന്നത്. മഹേഷ് ബാബു ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ്.
സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന് വേണ്ടി എ ഐയെ കുറിച്ചുള്ള ക്ലാസുകളിൽ രാജമൗലി ചേർന്നിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയിലെ വിവിധ കഥാപാത്രങ്ങളെയും മൃഗങ്ങളെയും എ ഐ ഉപയോഗിച്ച് രൂപപ്പെടുത്താനും അണിയറ പ്രവർത്തകർക്ക് ആലോചനയുണ്ട്.
അഡ്വഞ്ചർ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ആഫ്രിക്കൻ വനാന്തരങ്ങളിലാണ് ചിത്രീകരിക്കുക. ചിത്രത്തിനായി വൻ ശാരീരിക പരീശീലനത്തിലാണ് നടന്‍. നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രമുള്ളത്. കാസ്റ്റിംഗിനെയും അണിയറപ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Add Comment