Kerala

വയനാട് ദുരന്തത്തിലും വിവാദം: ചൂരൽമലയിൽ 48 പേരെ ഇനിയും കണ്ടെത്താനുണ്ട്, ഷിരൂരിൽ കർണാടക കോടികൾ ചിലവഴിച്ചു, കേരളം എന്തു ചെയ്തെന്ന് ഉണ്ണിത്താൻ

വയനാട് ഉരുള്‍ ദുരന്തത്തില്‍ കാണാതായവരില്‍ 48 പേരെക്കുറിച്ച്‌ ഇപ്പോഴും വിവരമില്ലെന്നും ഷിരൂരിലെ മണ്ണിടിച്ചിലില്‍ അർജുനായി കർണാടക സർക്കാർ കോടികളാണ് ചെലവഴിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ.

കല്‍പറ്റയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

48 പേരുടെ മൃതദേഹം ഇപ്പോഴും കിട്ടാനുണ്ട്. തിരച്ചില്‍ നിർത്തി. ഷിരൂരില്‍ അർജുന്‍റെ മൃതദേഹം കണ്ടെത്താൻ കർണാടക കോടികള്‍ ചെലവഴിച്ചു. ഒരു മനുഷ്യന്‍റെ ജീവന് ഞങ്ങള്‍ കൊടുക്കുന്ന വിലയാണ് കർണാടകയിലെ ഷിരൂരില്‍ നിങ്ങള്‍ കണ്ടത്. അവസാനം ലോറിയും അർജുന്‍റെ മൃതദേഹവും കണ്ടെത്തി. ഇവിടെ 48ഓളം പേരെ കാണുന്നില്ല. ഒരു ഡെത്ത് സർട്ടിഫിക്കറ്റെങ്കിലും അവർക്ക് നല്‍കണ്ടേ? കൊടുക്കാമെന്ന് പറഞ്ഞ 10,000 രൂപയും 6000 രൂപയും 300 രൂപയുമൊന്നും കിട്ടാത്തവരുണ്ട്. പുരനധിവസിപ്പിക്കാൻ ഭൂമി വേണം, സർക്കാർ പറയുന്ന പ്ലാന്‍റേഷൻ ഭൂമി കോടതി വ്യവഹാരത്തർക്കത്തിലിരിക്കുന്നതാണ് -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അതേ സമയം പഴകിയ ഭക്ഷ്യക്കിറ്റിൻ്റെമുഴുവൻ ഉത്തരവാദിത്തവും സർക്കാറിനും ജില്ല ഭരണകൂടത്തിനുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു

ഉരുള്‍ ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാറിനും ജില്ല ഭരണകൂടത്തിനുമാണെന്ന് ടി. സിദ്ദീഖ് എം.എല്‍.എ. വിതരണം ചെയ്യുമ്ബോള്‍ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. മേപ്പാടി പഞ്ചായത്തിനോട് ദുരന്തത്തിനുശേഷം സർക്കാർ സ്വീകരിച്ച എല്ലാ സമീപനവും വളരെ മോശമായതാണ്. പുത്തുമല ദുരന്തമുണ്ടായപ്പോള്‍ എല്ലാം പഞ്ചായത്ത് മുഖേനെയാണ് നടത്തിയത്. എന്തേ മേപ്പാടി പഞ്ചായത്തിനെ മാറ്റി നിർത്തുന്നതെന്ന് ടി. സിദ്ദീഖ് ചോദിച്ചു.