Pravasam KUWAIT

കുവൈറ്റില്‍ അപൂര്‍വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അപൂര്‍വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി. എന്‍വയോണ്‍മെന്റ് വോളണ്ടറി ഫൗണ്ടേഷന്റെ കുവൈറ്റ് ഡൈവിംഗ് ടീമാണ് അപൂര്‍വ്വയിനം ഡോള്‍ഫിനുകളെ കണ്ടത്. കുവൈറ്റ് ബേയുടെ തെക്ക് ഉം അല്‍ നമീല്‍ ദ്വീപിന് സമീപം ചെറുതും വലുതുമായ ഡോള്‍ഫിനുകളുടെ ഒരു വലിയ കൂട്ടത്തെയാണ് കണ്ടെത്തിയത്.

ജനറല്‍ അഡിമിനിസ്ട്രേഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യബന്ധന വലകളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ദ്വീപില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന സംഘമാണ് ഡോൾഫിനുകളെ കണ്ടതെന്ന് മറൈൻ ഓപ്പറേഷന്‍ ഓഫീസര്‍ വാലിദ് അല്‍ ഷാറ്റി പറഞ്ഞു.

മൂന്ന് മീറ്റര്‍ താഴ്ചയില്‍ വലിയൊരു കൂട്ടം ഡോള്‍ഫിനുകളെയാണ് കണ്ടത്. ഉം അല്‍ നമീല്‍ പരിസരത്തും അതിന്റെ തെക്കുഭാഗത്തും മത്സ്യബന്ധനവും വല ഉപയോഗവും നിരോധിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ തീരുമാനമാണ് ഇത്രയധികം ഡോള്‍ഫിനുകളുടെ സാന്നിധ്യത്തിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് മുന്‍പൊരിക്കലും ഈ പ്രദേശത്ത് ഡോള്‍ഫിനുകളെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടുവരുന്ന മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളേയും ഭക്ഷിക്കുന്ന ഹംപ്ബാക്ക് ഡോള്‍ഫിനുകളാണ് ഇവയെന്നാണ് മറൈൻ ഓപ്പറേഷന്‍ ഓഫീസര്‍ പറഞ്ഞു. ഡോര്‍സല്‍ ഫിനിന് തൊട്ടുമുമ്പായി സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക കൊമ്പാണ് ഈ ഡോള്‍ഫിന്റെ സവിശേഷത. ഈ ഇനം വംശനാശഭീഷണി നേരിടുന്നതാണെന്ന് കണ്ടെത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.