Sports

രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവിൽ വമ്പൻമാർക്ക് അടിതെറ്റിയപ്പോൾ അടിപതറാത്ത പ്രകടനവുമായി രവീന്ദ്ര ജഡേജ

രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവിൽ വമ്പൻമാർക്ക് അടിതെറ്റിയപ്പോൾ അടിപതറാത്ത പ്രകടനവുമായി രവീന്ദ്ര ജഡേജ. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ആറാം റൗണ്ട് മത്സരത്തിൽ ഡൽഹിക്കെതിരെ താരം അഞ്ച് വിക്കറ്റ് നേട്ടം നേടി. 36-കാരൻ്റെ കരിയറിലെ 35-ാം ഫസ്റ്റ് ക്ലാസ് അഞ്ച് വിക്കറ്റ് നേട്ടമാണിത്. സൗരാഷ്ട്രയ്ക്കായി അദ്ദേഹത്തിൻ്റെ മൊത്തത്തിലുള്ള വിക്കറ്റുകളുടെ എണ്ണം 201 ആയി ഉയർത്തി. 200 അല്ലെങ്കിൽ അതിൽ കൂടുതൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ സൗരാഷ്ട്ര ബോളറാണ് അദ്ദേഹം.

അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. ബിസിസിഐ നയം കർശനമാക്കിയതോടെ ഇന്ത്യൻ താരങ്ങളെല്ലാം വരിവരിയായി രഞ്ജി ട്രോഫി കളിക്കാനെത്തി. ഓരോ താരങ്ങളും വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി കളിക്കാനെത്തുന്നത്.

2015 ൽ അവസാനമായി രഞ്ജി കളിച്ച രോഹിത് പത്ത് വർഷത്തിന് ശേഷമാണ് മുംബൈ ക്യാമ്പിലെത്തിയത്. രോഹിത്തിനെ കൂടാതെ യുവ ഓപ്പണർ യശ്വസി ജയ്‌സ്വാളും മുംബൈ ടീമിനൊപ്പം ചേർന്നു. പഞ്ചാബ് ടീമിനൊപ്പം ശുഭ് മാൻ ഗിൽ ചേർന്നപ്പോൾ റിഷഭ് പന്ത് ഡൽഹി ടീമിനൊപ്പവും ചേർന്നു.

എന്നാൽ എല്ലാ താരങ്ങളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിനെതിരെ മുംബൈയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമയും യശസ്വി ജയ്സ്വാളും താരതമ്യേന ചെറിയ സ്കോറിൽ പുറത്തായി. ജയ്സ്വാൾ എട്ടു പന്തിൽ ഒരു ഫോർ സഹിതം നാല് റൺസെടുത്തപ്പോൾ, രോഹിത് ശർമ 19 പന്തിൽ മൂന്നു റൺെസടുത്തും പുറത്തായി. ഇവർക്ക് പുറമെ അജിങ്ക്യാ രഹാനെ, ശിവം ദുബെ, ശ്രേയസ് അയ്യർ എന്നിവരും എളുപ്പത്തിൽ മടങ്ങി.

കർണാടകയ്‌ക്കെതിരായ മത്സരത്തിൽ പഞ്ചാബിനെ നയിക്കുന്ന ശുഭ്മൻ ഗില്ലും, ഓപ്പണറായെത്തി നാലു റൺസെടുത്ത് പുറത്തായി. സൗരാഷ്ട്രയ്ക്കെതിരെ കളത്തിലിറങ്ങിയ റിഷഭ് പന്തും ഒരു റൺസിന് ഔട്ടായി. സൂപ്പർ താരങ്ങളുടെ മോശം ഫോമിൽ ഇവരുടെ ടീമുകളും മികവ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.