കൊച്ചി: ബിജെപി സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. ഇനി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് വീണ്ടും മത്സരിക്കാം. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന പ്രസിഡന്റിനും ഇളവ് ബാധകമാണ്. നേരത്തേ മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.
ബിജെപി സംസ്ഥാന ഘടകത്തെ 30 ജില്ലകളായി വിഭജിക്കാനും തീരുമാനമായി. അഞ്ച് ജില്ലകള്‍ മൂന്നായും ബാക്കി ജില്ലകള്‍ രണ്ടായും വിഭജിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ റവന്യൂ ജില്ലകളിലാണ് ഇനി മൂന്ന് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകുക. പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ ഒഴികെ മറ്റു ജില്ലകള്‍ എല്ലാം രണ്ടായി വിഭജിക്കും. സംഘടനാ പ്രവര്‍ത്തനം സുഗമമാക്കാനാണ് ജില്ലാ വിഭജനമെന്ന് കെ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം മുന്‍കാല സിപിഐഎം പ്രവര്‍ത്തകര്‍ കൂടി വലിയ തോതില്‍ പാര്‍ട്ടിയിലേക്കെത്തുന്നുവെന്നാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അംഗത്വ പ്രചാരണത്തില്‍ വലിയ തോതിൽ വര്‍ധനവ് ഉണ്ടായത് ഇക്കാരണത്താലാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഒക്ടോബറില്‍ ആരംഭിച്ച അംഗത്വ പ്രചരണത്തിലൂടെ 16 ലക്ഷം പേര്‍ പാര്‍ട്ടി അംഗങ്ങളായെന്നാണ് വിലയിരുത്തൽ.
Add Comment