പത്തനംതിട്ട: മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. പ്രതികൾക്കെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിഖിലേഷിന് സിപിഐഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താൻ കഴിയില്ല. പെരുനാട്ടിലെ ബിജെപി-ആർഎസ്എസ് പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് പ്രതി വിഷ്ണുവാണ്. ഇയാൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. നിരവധി കേസുകളിൽ വിഷ്ണു പ്രതിയാണെന്നും രാജു എബ്രഹാം വ്യക്തമാക്കി.
രാഷ്ട്രീയ സംഘർഷങ്ങൾ പരസ്യമായി ഉണ്ടായാൽ മാത്രമേ പൊലീസ് ആ രീതിയിൽ കേസെടുക്കുകയുള്ളൂ. ജിതിൻറേത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ് രേഖപ്പെടുത്താത്തത് ഇക്കാരണത്താലാണ്. കൊല്ലപ്പെട്ട ജിതിൻ സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയും പ്രധാന പ്രവർത്തകനാണ്. ജിതിനെ വെട്ടിയത് ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മടത്തുംമൂഴി കൊലപാതകക്കേസിൽ കൊല്ലപ്പെട്ട സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് താൻ തന്നെയെന്നാണ് പ്രധാന പ്രതി വിഷ്ണു നൽകിയിരിക്കുന്ന മൊഴി. തങ്ങൾക്കൊന്നുമറിയില്ലെന്ന് കൂട്ടുപ്രതികൾ മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും കണ്ടെടുത്ത ആയുധം കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
എട്ട് പ്രതികളേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് മടത്തും മൂഴിയിൽ സംഘർഷത്തിന് തുടക്കമിട്ടത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ആളുകളുടെ എണ്ണം കൂടി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം കേസിൽ നിർണ്ണായകമാകും.
കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതി വിഷ്ണു കാറിൽ നിന്നും കത്തിയെടുത്ത് ജിതിനെ കുത്തിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികളിൽ രണ്ട് പേർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്.
ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തിനുമാണ് ഡിവൈഎഫ്‌ഐ ബന്ധമുണ്ടായിരുന്നത്. മിഥുൻ ഡിവൈഎഫ്‌ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ഇവരുടെ ഡിവൈഎഫ്‌ഐ ബന്ധത്തിൽ സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു. ആർഎസ്എസിൽ നിന്നുമാണ് ഇരുവരും ഡിവൈഎഫ്‌ഐയിലേക്ക് വന്നതെന്നും ഏതാനും മാസമേ പ്രവർത്തിച്ചിട്ടുള്ളൂ എന്നുമായിരുന്നു ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിൻ്റെ പ്രതികരണം.
Add Comment