ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാൻ സൗദി അറേബ്യ ഒരു സുപ്രധാന രാജ്യമാണെന്ന് ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗാസയിലെ സംഘർഷം.
ഭീകരവാദത്തെ ഇന്ത്യ അപലപിക്കുന്നതായി ജയ്ശങ്കർ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ തുടർച്ചയായ മരണത്തിൽ വളരെ വേദനിക്കുന്നു. രാജ്യാന്തര മാനുഷിക നിയമം കണക്കിലെടുത്ത് വേണം ഏതൊരു പ്രതികരണമെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള രാഷ്ട്രീയ, തന്ത്രപര, വ്യാപാര ബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് (എസ്പിസി) കീഴിലുള്ള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയുടെ രണ്ടാം യോഗത്തിൽ രണ്ട് വിദേശകാര്യ മന്ത്രിമാരും സഹ അധ്യക്ഷരായിരുന്നു.
അതേസമയം ഗാസ മുനമ്പിലെ യുദ്ധം തടയുന്നതിന് സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുളള തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി കാബിനറ്റ് തീരുമാനമെടുത്തു. അറബ്-ഇസ്ലാമിക് ഉച്ചകോടി ഫലം ചെയ്യുമെന്നാണ് കാബിനറ്റിന്റെ വിലയിരുത്തൽ. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സംയുക്ത പ്രവർത്തനങ്ങൾ ഫലംചെയ്യുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന കാബിനറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Add Comment