തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും പഴഞ്ചൻ ബസുകളെന്ന് വിവരാവകാശ രേഖ. ആകെയുള്ള 4,717 ബസുകളിൽ പിണറായി സർക്കാർ അധികാരത്തിലെത്തിയ ഒമ്പത് വർഷത്തിനിടെ വാങ്ങിയത് വെറും 151 ബസുകൾ മാത്രം. 350 ബസുകൾ വേറെ വാങ്ങിയെങ്കിലും അതെല്ലാം സ്വിഫ്റ്റ് ബസുകളാണ്. കെഎസ്ആർടിസി ബസുകളുടെ കാലപ്പഴക്കം കൂടുമ്പോൾ അത് സ്വകാര്യ ബസുകൾക്ക് ചാകരയാവുകയാണ്.
പുതിയ ബസുകൾ വാങ്ങുന്നില്ല എന്നും വിവരാവകാശ രേഖയിൽ പറയുന്നു. നിലവിലുളള ബസുകളിൽ 600 ലധികവും അറ്റകുറ്റപണികള്‍ക്കായി വർക്ക് ഷോപ്പുകളിലാണ്. എട്ട് മുതൽ ഒമ്പത് വർഷം കാലപ്പഴക്കമുളള 673 ബസുകളാണ് സംസ്ഥാനത്ത് ഉളളത്. ഒമ്പത് മുതൽ പത്ത് വർഷം വരെ കാലപ്പഴക്കമുളള 857 ബസുകൾ, 11 മുതൽ 12 വർഷം പഴക്കമുളള 362 ബസുകൾ, 12 മുതൽ 13 വർഷം പഴക്കമുളള 519 ബസുകൾ, 13 മുതൽ 14 വർഷം വരെ പഴക്കമുളള 193 ബസുകൾ, 14 മുതൽ 15 വരെ കാലപ്പഴക്കമുളള 698 ബസുകൾ, 15 ഉം അതിൽ കൂടുതൽ വർഷവും പഴക്കമുളള 1261 ഉം ബസുകളാണ് ഉളളത്.
കെഎസ്ആർടിസി ബസുകളിൽ ഭൂരിപക്ഷവും ഓടിക്കാൻ പാറ്റാത്ത അവസ്ഥയിലാണുളളത് എന്നും വിവരാവകാശ രേഖയിൽ പറയുന്നു. 80 ശതമാനം ബസ്സുകളും പത്തുവർഷം കഴിഞ്ഞവയാണ്. പുതിയ ബസ് വാങ്ങാത്തതും പ്രതിസന്ധിയാണ്. 15 വർഷം കഴിഞ്ഞാൽ ഓടിക്കാനാകില്ലെന്നും കാലപ്പഴക്കം കൂടിയ ബസുകൾ സ്ക്രാപ്പ് ചെയ്യണമെന്നാണ് കേന്ദ്ര നിർദേശം.
Add Comment