Money

രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നു

രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.26 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വ്യാഴാഴ്ച 9 പൈസയുടെ നഷ്ടത്തോടെ 86.44 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് 86.31 എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 86.26ലേക്ക് രൂപ തിരിച്ചുകയറുകയായിരുന്നു.

ഓഹരി വിപണിയിലെ മുന്നേറ്റവും അമേരിക്കന്‍ ഡോളര്‍ അല്‍പ്പം താഴേക്കു പോയതുമാണ് രൂപയ്ക്ക് ഗുണമായത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78.12 ഡോളറാണ്.

അതേസമയം, ഓഹരി വിപണി പിന്നീട് നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്സ് 250 പോയിന്റ് ആണ് താഴ്ന്നത്. ചെറുകിട, ഇടത്തരം കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്സ് മേഖലകളും നഷ്ടത്തിലാണ്. ഒരു ശതമാനത്തിന് മുകളിലാണ് ഈ സെക്ടറുകളുടെ നഷ്ടം.