India

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്ന നേരത്തെയുളള കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയാണ് നിമിഷപ്രിയയുടെ വധശിക്ഷ സാഹചര്യം നീരീക്ഷിച്ചു വരുകയാണെന്നും സാധ്യമായത് എല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.