Politics

സുരേന്ദ്രൻ സാമാന്യ മര്യാദ പാലിക്കണമെന്ന് സന്ദീപ് വാര്യർ

പാർട്ടിയുമായി പിണങ്ങിനില്‍ക്കുന്ന സന്ദീപ് വാര്യർ നിലപാടിലുറച്ചും സുരേന്ദ്രനെതിരെ വിമർശനമുന്നയിച്ചും വീണ്ടും രംഗത്ത്.

തന്റെ പരാതി പരിഹരിക്കാനുള്ള സമീപനം സുരേന്ദ്രനില്ലെന്നും അദ്ദേഹം സാമാന്യമര്യാദ കാണിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിച്ച സന്ദീപ് വാര്യരുടെ വാക്കുകളിലെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായിരുന്നത്. താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ചിലർ പുറത്തുപോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് സുരേന്ദ്രൻ പറഞ്ഞത് ദൗർഭാഗ്യകരമാണ്. പ്രവർത്തകരെ പുറത്തുപോകാൻ വിടുന്നതല്ല, സംഘടനയ്ക്ക് ഒപ്പം നില നിർത്തുക എന്നതാണ് ക്വാളിറ്റി. പ്രശ്നം പരിഹരിക്കണമെന്ന ഒരു സമീപനവും സുരേന്ദ്രനില്ലെന്നും ഈ നിലപാട് ദൗർഭാഗ്യകരമെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.

സുരേന്ദ്രൻ തന്റെ വിഷയത്തില്‍ സാമാന്യ മര്യാദ കാണിക്കണമെന്നും സന്ദീപ് വാര്യർ വിമർശിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഹരിക്കാം എന്നത് വെറും ന്യായം മാത്രമാണ്. ഇതുവരെ ഒരു പ്രശ്നവും അങ്ങനെ പരിഹരിക്കപ്പെട്ടില്ല. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനില്‍കുകയാണെന്നും അഭിമാനം പണയം വെച്ച്‌ തിരിച്ച്‌ പോകാൻ സാധ്യമല്ലെന്നും സന്ദീപ് വ്യക്തമാക്കി.

പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനോടുള്ള അതൃപ്തിയും സന്ദീപ് പ്രകടിപ്പിക്കാൻ മറന്നില്ല. പാലക്കാട് ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ശോഭ സുരേന്ദ്രനോ സുരേന്ദ്രേനോ അവിടെ മത്സരിക്കണമായിരുന്നു. സ്ഥിരമായി തോല്‍ക്കുന്നയാളെ അവിടെ സ്ഥാനാർഥിയാക്കിയെന്നും കൃഷ്ണകുമാർ തോറ്റാല്‍ തന്റെ തലയില്‍ കെട്ടി വെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും, ആത്മാഭിമാനം തിരിച്ച്‌ പിടിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതിനും പറഞ്ഞ സന്ദീപ് പാർട്ടി ക്ഷണിച്ചാല്‍ മാത്രമേ പരിപാടികളില്‍ പങ്കെടുക്കുകയുള്ളുവെന്നും വ്യക്തമാക്കി.