ന്യൂഡൽഹി: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് കെപിസിസി ജനറൽ സെക്രട്ടറി പദവി നൽകിയേക്കും. പുനഃസംഘടന നടക്കുന്ന സമയത്താവും ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക തീരുമാനമുണ്ടാകുക.
കഴിഞ്ഞ ദിവസം ഡൽഹിയിൽവെച്ച് സന്ദീപ് വാര്യർ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. സംഘടനാ ഭാരവാഹിത്വവും മത്സരിക്കാൻ സീറ്റും സന്ദീപ് വാര്യർ പാർട്ടിയിലേയ്ക്ക് വന്ന സമയത്തുതന്നെ കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിൽ നടക്കാനിരിക്കുന്ന പുനഃസംഘടനാ സമയത്ത് സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കും. ഏതെങ്കിലും സാഹചര്യത്തിൽ പുനഃസംഘടന വൈകിയാൽ അതിന് മുൻപേത്തന്നെ സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.
ഉപതിരഞ്ഞെടുപ്പിന് വെറും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സന്ദീപിന്റെ കോൺഗ്രസ് രംഗപ്രവേശം. ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തകർപ്പൻ വിജയത്തിൽ സന്ദീപ് വാര്യരുടെ സാന്നിധ്യം സഹായകമായെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
Add Comment