ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോകുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. മുന്നണിയില്‍ വരുമ്ബോള്‍ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎല്‍എമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു.
അതേസമയം സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തലെന്ന് കെ സുധാകരൻ പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു. ബിജെപിക്ക് അകത്ത് നിന്നുകൊണ്ട് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്.
ബിജെപിക്ക് മുതല്‍ക്കൂട്ടായ ആളാണ് ഇന്ന് കോണ്‍ഗ്രസിനൊപ്പം ചേർന്നത്. സന്ദീപിന് പിന്നാലെ കൂടുതല്‍ ആളുകള്‍ വരും. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിതെന്നും ബിജെപിയില്‍ നിന്ന് ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താനെന്നും സുധാകരൻ പറഞ്ഞു.
Add Comment