Sports

സെഞ്ച്വറിയടിച്ച് വിമർശകർക്ക് മറുപടി നൽകി സഞ്ജു

ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറിയടിച്ച് വിമർശകർക്ക് മറുപടി നൽകി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നിർണായക സെഞ്ച്വറി തികച്ചതിന് പിന്നാലെ ഡ‍​ഗ്​ഗൗട്ടിലേക്ക് നോക്കി മസിൽ കാണിച്ചാണ് സഞ്ജു ആഘോഷിച്ചത്. ഇപ്പോൾ‌ മസിൽ കാണിച്ചുകൊണ്ടുള്ള സെലിബ്രേഷന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് സഞ്ജു.

‘സത്യം പറഞ്ഞാൽ മസിൽ കാണിക്കണമെന്നൊന്നും ഞാൻ‌ ആലോചിച്ചിരുന്നില്ല. ഒരു 90 റൺസ് അടിച്ചുകഴിയുന്ന സമയത്ത് ഇനി സെഞ്ച്വറി അടിച്ചാല്‍ എന്ത് കാണിക്കുമെന്നതിനെക്കുറിച്ച് നമ്മൾ വെറുതെ ചിന്തിക്കാറുണ്ട്. ബംഗ്ലാദേശിനെതിരെയും അത് ആലോചിച്ചിരുന്നു. സെഞ്ച്വറിയടിച്ചപ്പോൾ ഞാൻ ഡ്രെസിങ് റൂമിലേക്ക് നോക്കി ബാറ്റുയർത്തിയിരുന്നു. അവിടെ ഇരുന്ന ടീമം​ഗങ്ങളാണ് മസിൽ‌ കാണിക്കെന്ന് പറഞ്ഞത്’, സഞ്ജു പറഞ്ഞു.

‘മസിലു കാണിക്കുമ്പോൾ‌ എല്ലാവരും വിചാരിക്കും സഞ്ജു സഞ്ജുവിന്റെ മസില് കാണിക്കുന്നതാണെന്ന് വിചാരിക്കും. ശരിക്കും അത്ര വലിയ മസിലൊന്നും എനിക്ക് ഇല്ലല്ലോ. ജീവിതത്തിൽ പല വെല്ലുവിളികൾ ഉണ്ടാവുമ്പോഴും അതിനെയെല്ലാം നേരിട്ട് മുന്നോട്ടുപോവാനുള്ള മനക്കരുത്ത് എനിക്കുണ്ടെന്നാണ് മസിൽ കാണിക്കുന്നതിലൂടെ ശരിക്കും ഞാൻ ഉദ്ദേശിക്കുന്നത്. അല്ലാതെ വലിയ മസിലൊന്നും കാണിക്കുന്നതല്ല’, സഞ്ജു വ്യക്തമാക്കി. ബം​ഗ്ലാ​ദേശ് പരമ്പരയ്ക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ സ‍ഞ്ജു മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മസിൽ രഹസ്യം പങ്കുവെച്ചത്.

ബംഗ്ലാദേശിനെതിരായ സെഞ്ച്വറി ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുമെന്ന് സഞ്ജു പറഞ്ഞു. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തെ കുറിച്ച് പ്രതികരിച്ച സഞ്ജു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും നല്‍കിയ പിന്തുണയെ കുറിച്ചും തുറന്നുപറയുകയുണ്ടായി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

‘ബംഗ്ലാദേശിനെതിരെ കളിക്കുമ്പോള്‍ നല്ല പ്രകടനം കാഴ്ച വെക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. അവസരം കിട്ടിയാല്‍ നാലോ അഞ്ചോ സിക്‌സറടിക്കണമെന്ന് മനസിലുണ്ടായിരുന്നു. രണ്ട് ഡക്കടിച്ച് പുതിയ ടൂര്‍ണമെൻ്റിന് പോകുമ്പോള്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ നന്നായി കളിക്കാന്‍ സാധിച്ചു. ഭയമില്ലാതെ കളിക്കാനാണ് ഇഷ്ടം. ഇതിനുമുന്‍പ് ഔട്ടായ കാര്യം ഒന്നും ചിന്തിക്കാറില്ല. മുന്നിലുള്ള മത്സരത്തിലാണ് ശ്രദ്ധ കൊടുക്കാറുള്ളത്’, സഞ്ജു പറഞ്ഞു.

‘ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന്റെ ആകാംക്ഷയിലാണ്. പക്ഷേ പ്രതീക്ഷ മാത്രം പോരല്ലോ, നന്നായി പ്രാക്ടീസ് ചെയ്യണം. ഏത് പൊസിഷനില്‍ കളിക്കണമെന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണ്. ഓപ്പണര്‍ മുതല്‍ ആറാം പൊസിഷനില്‍ വരെ ബാറ്റ് ചെയ്യാമെന്ന ആത്മവിശ്വാസം ഉണ്ട്. ടെസ്റ്റ് ടീമിലും കളിക്കാന്‍ ആഗ്രഹമുണ്ട്’, സഞ്ജു കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. എങ്കിലും മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ നിര്‍ണായക സെഞ്ച്വറി നേടിയാണ് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചത്. ബംഗ്ലാദേശിനെതിരെ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്സും 11 ഫോറും അതില്‍ ഉള്‍പ്പെടുന്നു. മത്സരത്തില്‍ ഒരോവറില്‍ അഞ്ചുസിക്‌സുകളും സഞ്ജു നേടി. ഒരോവറില്‍ അഞ്ച് സിക്സറുകള്‍ അടക്കം 19 തവണ പന്ത് അതിര്‍ത്തി കടത്തിയ താരം ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കുറിച്ചത്. ടി20 യില്‍ ഇന്ത്യന്‍ ജഴ്സിയില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സെഞ്ച്വറി തികയ്ക്കുന്നത്.