തിരുവനന്തപുരം: സ്കൂൾ കലാത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ആശംസകളുമായി നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ഇരുവരും വേദിയെ ഒന്നടങ്കം കയ്യിലെടുക്കുകയും ചെയ്തു.
കസേര പിടിച്ചിടാൻ പോലും കലോത്സവത്തിന് കയറിയിട്ടില്ലാത്ത താൻ വളരെ അഭിമാനത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. താൻ ഇവിടെ നിൽക്കുന്നത് തന്നെ സിനിമ തനിക്ക് നൽകിയ ഭാഗ്യമാണ്. കലയിലൂടെ നിങ്ങൾ ലോകം മുഴുവൻ അറിയപ്പെടണമെന്നും ആസിഫ് പറഞ്ഞു. വിജയികളായ തൃശൂർ ടീമിന് നാളെ ഇറങ്ങുന്ന തന്റെ സിനിമയായ രേഖാചിത്രം സൗജന്യമായി കാണാനാകുമെന്ന സന്തോഷവാർത്തയും ആസിഫ് അലി പങ്കുവെച്ചു.
കലാമേള ഗംഭീരമായി സംഘടിപ്പിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ടൊവിനോ തോമാസ് പ്രസംഗം തുടങ്ങിയത്. മുൻകൂട്ടി തയ്യാറാക്കി പ്രസംഗം നടത്തുന്ന ശീലം തനിക്കില്ലെന്ന് ടൊവിനോ പറഞ്ഞു. താൻ പറയാൻ വിചാരിച്ചതിൽ മൂന്ന് പോയിൻ്റ് ആസിഫ് പറഞ്ഞു എന്ന് ടൊവിനോ പറഞ്ഞപ്പോൾ വേദിയിൽ ചിരി പടർന്നു. സ്കൂൾ കാലഘട്ടത്തിൽ ഒരു ദിവസം അവധി ലഭിക്കും എന്നതിനപ്പുറം കലോത്സവുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് താൻ തിരഞ്ഞെടുത്തത് കലയായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണ്. കലയ്ക്ക് മനുഷ്യരെ പരസ്പരം അടുപ്പിക്കാനും സ്നേഹിപ്പിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ കലോത്സവവേദിയിലൂടെ കടന്നുപോകുന്നവർ കലാകാരന്മാരും കലാകാരികളുമായി തുടരണമെന്നും ടൊവിനോ പറഞ്ഞു.
Add Comment