ഇടുക്കി: സീപ്ലെയിന്‍ പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ രംഗത്തെത്തി മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്. കടലില്‍ സീ പ്ലെയിന്‍ ഇറങ്ങിയാല്‍ മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടി എന്ന് പറയുന്നവര്‍, തൊഴിലാളികളെ പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ച് ഉയര്‍ത്തണമെന്ന് ശിവരാമന് പറഞ്ഞു.
പണ്ട് കമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നിട്ട് എന്തുണ്ടായി എന്ന് നമുക്കറിയാം. കാളപെറ്റു എന്ന് കേള്‍ക്കുന്നതേ കയറെടുക്കാന്‍ ഇത്ര തിടുക്കം കാണിക്കരുതെന്നും ശിവരാമന് പറഞ്ഞു. ഇടുക്കിയില്‍ സീ പ്ലെയിന്‍ പദ്ധതിക്കെതിരെയുള്ള എതിര്‍പ്പ് വനംവകുപ്പിന്റേതാണ്. അതിനുള്ള മറുപടി എംഎം മണി പറഞ്ഞിട്ടുണ്ടെന്നും ശിവരാമന് പറഞ്ഞു.
ശിവരാമന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ രാവിലെ 10 57 ന് (11 /11 /2024 ) ജലവിമാനം അഥവാ സീ പ്ലെയിന്‍ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലെ കുഞ്ഞോളങ്ങളെ തലോടി ജലപ്പരപ്പില്‍ ഇറങ്ങി. ഉത്സവപ്രതീതിയോട് കൂടിയാണ് ജനങ്ങള്‍ വിമാനത്തെ വരവേറ്റത്. ഇങ്ങനെ ഒരു കാഴ്ച കാണാന്‍ ആകുമെന്ന് ഇടുക്കിക്കാര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വപ്നം കാണാന്‍ പോലും ആകുമായിരുന്നില്ല. ഇടുക്കിയില്‍ ഇനിയും ജലവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പറ്റിയ ജലാശയങ്ങളുണ്ട്. ജില്ലയുടെ ടൂറിസം വികസനങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും ഇത് സഹായകമാകും. സീപ്ലെയിന്‍ അഥവാ ജലവിമാനങ്ങളെ ഒരു കാരണവശാലും കായല്‍ പരപ്പില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ചില രാഷ്ട്രീയ ട്രേഡ് യൂണിയന് നേതാക്കളുടെ പ്രസ്താവനകളും വന്നു കഴിഞ്ഞു. ജലവിമാനം ഇറങ്ങിയാല്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടും എന്നും വിമാനത്തിന്റെ വരവും പോക്കും മത്സ്യങ്ങള്‍ക്ക് ഭീഷണി ആകും എന്നുമാണ് ഈ നേതാക്കള്‍ വാദിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അവരോട് ഒരു അഭ്യര്‍ത്ഥന ഉള്ളത്, തൊഴിലാളികളെ പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ച് ഉയര്‍ത്തണം. ഏതു പ്രതിസന്ധിയെയും മറികടന്ന് മുന്നോട്ടു പോകാന്‍ കഴിയുന്ന കരുത്തും ഇച്ഛാശക്തിയും ഉള്ളവരാണ് തൊഴിലാളികള്‍ എന്നറിയാത്തവര്‍ ആരാണ്. അവരാണ് നവലോകം സൃഷ്ടിക്കുന്നത്. ആ തൊഴിലാളികളുടെ പേരില്‍ ഈ പദ്ധതിക്ക് തുരങ്കം വയ്ക്കരുത്. സീപ്ലെയിന്‍ കായല്പരപ്പില് ഇറങ്ങിയാല്‍ എത്രത്തോളം മത്സ്യബന്ധനം മുടങ്ങും, ഇത് രണ്ടും നമുക്കെങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാകും എന്നാണ് പരിശോധിക്കേണ്ടത്, ആലോചിക്കേണ്ടത്, പണ്ട് കമ്പ്യൂട്ടറിനെയും ട്രാക്ടര്നെയും എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍, എന്നിട്ട് എന്തുണ്ടായി എന്ന് നമുക്കറിയാം. അതുകൊണ്ട് കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയര്‍ എടുക്കാന്‍ ഇത്ര തിടുക്കം കാണിക്കരുത്. ഇടുക്കിയിലും എതിര്‍പ്പുണ്ട്, അത് വനം വകുപ്പുകാരുടെ വക. ആനയ്ക്ക് വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടാകും എന്നാണ് വനം തമ്പുരാക്കള് പറയുന്നത്. അതിനുള്ള മറുപടി എംഎം മണി എംഎല്‍എ പറഞ്ഞിട്ടുണ്ട് അതുതന്നെയാണ് പറയാനുള്ളത്.
Add Comment