തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പ്ലാൻ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേർത്ത കഷായം നൽകുകയുമായിരുന്നു. ഒക്ടോബർ പതിനാലിലാണ് സംഭവം നടക്കുന്നത്.
കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോൺ അവശനിലയിലായി. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നിൽ മരണമൊഴി നൽകുന്നതിനിടെ ഷാരോൺ പറഞ്ഞിരുന്നു. എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോൺ മൊഴി നൽകി. ഇതാണ് കേസിൽ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളും കേസിൽ നിർണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതി ചേർത്തിരുന്നു.
2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസിൽ പ്രതിയാകുന്നത്.
Add Comment